കാലം

നാട്ടിലെ വീടിനടുത്തു ഒരു ചെറിയ ശിവക്ഷേത്രം ഉണ്ട്. സമാധി കോവിൽ. അഞ്ചാറു വയസ്സുള്ളപ്പോൾ മുതൽ മുത്തശ്ശിയുടെ കൂടെ ഞാൻ അവിടെ പോകാറുണ്ട്. ആ അമ്പലത്തിന്റെ ഒരു വശത്തായി ഗർഭഗൃഹത്തിന്റെ മതിലിൽ ഒരു നടരാജരൂപം ഉണ്ട്. കോൺക്രീറ്റ് കൊണ്ടുണ്ടാക്കിയ, കരിങ്കല്ലിന്റെ പ്രതീതി തരുന്ന ഒരു സുന്ദരരൂപം.
ഞാൻ നേരെ നിന്നു ഭഗവാനെ തൊഴുമ്പോഴും മനസ്സ് മുഴുവൻ വശത്തിലുള്ള ഈ നടരാജരൂപത്തിൽ ആയിരിക്കും. ആരും കാണാതെ ഞാൻ ആ രൂപത്തിന്റെ മുന്നിൽ പോയിനിൽക്കും. അത് എനിക്ക് മുകളിൽ ആകാശം മുട്ടെ വളർന്നു നിൽക്കുന്നതായി എനിക്ക് തോന്നും. എത്തിനിന്നു ഞാൻ കുറച്ചു ഭസ്മം നടരാജന്റെ നെറ്റിയിൽ തൊടും. അത് കണ്ടാൽ ആരെങ്കിലും വഴക്കു പറയുമോ എന്ന് എനിക്ക് പേടിയായിരുന്നു. ഭഗവാന് നമ്മൾ കുറി തൊട്ടു കൊടുക്കാൻ പാടുണ്ടോ?
സമാധി കോവിലിലെ പോറ്റി മെലിഞ്ഞു ദുർബലനായ ഒരു മനുഷ്യനായിരുന്നു. വെളുവെളുത്ത താടിയും കാറ്റിൽ പറന്ന മുടിയും. അയാളെ കണ്ടിട്ടാകും അപ്പൂപ്പൻ താടിക്കു ആ പേര് വീണതെന്ന് ഞാൻ കരുതി. എപ്പോൾ കണ്ടാലും “സുഖം തന്നെ?” എന്ന് അയാൾ കുശലം അന്വേഷിക്കും. ഉണ്ടിയലിൽ ഇടാൻ ഞാൻ കയ്യിൽ ചില്ലറപൈസ കൊണ്ട് പോയിട്ടുണ്ടാകും. പക്ഷെ അയാളുടെ മെലിഞ്ഞ ശരീരം കാണുമ്പോൾ ചിലപ്പോൾ ഞാൻ അത് അയാളുടെ തട്ടത്തിൽ വെക്കും. അപ്പോൾ അയാൾ മെല്ലെ ചിരിച്ചിട്ട് എനിക്ക് ഒരു ചെറിയ പഴമോ റോസാപ്പൂവോ തരും.
മുത്തശ്ശിയുടെ മരണശേഷവും ഞാൻ സമാധികോവിലിൽ പോകുമായിരുന്നു. മുത്തശ്ശിയുടെ കൈ പിടിച്ചു പതുക്കെ നടന്നു കയറുന്നതിനു പകരം, സൈക്കിൾ പുറത്തു ചാരി വെച്ചിട്ടു ഓടി കയറും. കൈയ്യിൽ ചില്ലറപൈസക്ക് പകരം അഞ്ചിന്റെയും പത്തിന്റെയും നോട്ടുകൾ ഉണ്ടാവും. പോറ്റിയുടെ ചിരിയും നെറ്റിയിലെ ഭസ്മകുറിയും മാറിയിരുന്നില്ല. പക്ഷെ വിളക്കിലെ കരിയും ചന്ദനത്തിന്റെ പാടും പുരണ്ട അയാളുടെ ഒറ്റമുണ്ടിന്റെ നിറം പിന്നെയും മങ്ങിയിരുന്നു. ഞാൻ കൊണ്ട് പോകുന്ന നോട്ടുകൾ അയാളുടെ തട്ടിലേക്ക് മാത്രം ആയി.
വളർന്നപ്പോൾ ഞാൻ തിരുവനന്തപുരം വിട്ടു വേറെ നഗരങ്ങളിൽ ചെന്ന് ചേക്കേറി. എങ്കിലും നാട്ടിലേക്ക് വരുമ്പോഴൊക്കെ ഞാൻ സമാധി കോവിലിൽ പോകും. ഇപ്പോൾ പേഴ്സിൽ നൂറിന്റെ നോട്ടുകളാണ്. അങ്ങനെ തിരക്കിട്ടു വന്ന ഒരു യാത്രക്കിടയിൽ എനിക്ക് തോന്നി ആ പോറ്റിക്കു നൂറു രൂപ കൊടുക്കണം എന്ന്. ഞാൻ അതും കൊണ്ട് അമ്പലത്തിലേക്ക് കയറി.
നോക്കിയപ്പോൾ പോറ്റി വേറെ ആളാണ്. കറുത്ത് തടിച്ച ഒരു മധ്യവയസ്ക്കൻ. “സുഖം തന്നെ?” എന്ന് എന്നോട് അയാൾ ചോദിച്ചില്ല. പഴയ ആൾ എവിടെ എന്ന് ഞാനും ചോദിച്ചില്ല. അതിനുള്ള ധൈര്യം ഉണ്ടായില്ല.
പോറ്റി അകത്തെ മുറിയിലേക്ക് പോയതും ഞാൻ വശത്തിലുള്ള ശിവരൂപത്തെ തേടി പോയി. അവിടെ ചെന്നപ്പോൾ വീണ്ടും ഒരു ഞെട്ടൽ. നടരാജന് പലനിറത്തിലുള്ള ഒരു മേക്ഓവർ ആരോ കൊടുത്തിരിക്കുന്നു. ചുവപ്പും പച്ചയും നീലയും വയലറ്റും അങ്ങനെ എല്ലാ നിറങ്ങളും വാരിത്തേച്ചിട്ടുണ്ട്.
പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. വേഗം പുറത്തേക്കു നടന്നു. കൊണ്ടുവന്ന നൂറിന്റെ നോട്ടു കയ്യിൽ തന്നെ ഇരുന്നു.
അത് കഴിഞ്ഞു ഞാൻ അവിടെ പോയതേയില്ല. ആ വഴി നടന്നാലും മനഃപൂർവം അങ്ങോട്ടേക്ക് കയറാതെയായി. എന്റെ ബാല്യത്തിന്റെ എന്തോ ഒന്ന് നഷ്ടപ്പെട്ടു എന്ന ഒരു തോന്നൽ ബാക്കിയായി.
കഴിഞ്ഞ മാസം നാട്ടിൽ പോയപ്പോൾ ഞാൻ അമ്മാവന്റെ മകന്റെ കൂടെ നടക്കാൻ ഇറങ്ങി. “സമാധി കോവിലിൽ പോകാം,” അവൻ പറഞ്ഞു. ഒരു നിമിഷത്തേക്ക് ഞാൻ പിൻവലിഞ്ഞു. പിന്നെ തോന്നി, ഇതിൽ എന്താണ് ഇത്ര വലിയ കാര്യം, എല്ലാം ദൈവം തന്നെയല്ലേ. ശരി, വരാം എന്ന് പറഞ്ഞു ഞാൻ അവന്റെ കൂടെ പോയി.
നേരം സന്ധ്യയാകുന്നു. വേറെ ആരുമില്ല അമ്പലത്തിൽ. നിലവിളക്കുകളുടെ ചെറിയ വെളിച്ചം മാത്രം. ഓം നമഃശിവായ, ഓം നമഃശിവായ എന്ന് പഴയ ടേപ്പ് റെക്കോർഡറിൽ നിന്ന് കേൾക്കാം. ധൈര്യം സംഭരിച്ചു ഞാൻ അവിടത്തെ നടരാജ രൂപത്തെ പോയി നോക്കി. വീണ്ടും ഒരു അഴിച്ചുപണി നടന്നിരിക്കുന്നു. കടുത്ത നിറങ്ങൾ എല്ലാം തുടച്ചു മാറ്റപ്പെട്ടിരിക്കുന്നു. ശിവൻ പഴയതു പോലെ. കരിങ്കല്ലിന്റെ പ്രതീതി. കാലം പുറകോട്ടു പോയത് പോലെ.
ആകെ മാറിയത് ഞാനാണ്‌. ഇപ്പോൾ ഞാൻ ആ നടരാജന്റെ നേർക്കുനേരെ നിൽക്കുകയാണ്. ഇത്ര പൊക്കം വേണ്ട എന്ന് എനിക്ക് തോന്നി. കുറച്ചു വളഞ്ഞുനിന്നു. പിന്നെ സാഷ്ടാംഗം നമസ്കരിച്ചു.
തിരിഞ്ഞു നടന്നപ്പോൾ പെട്ടെന്ന് എനിക്ക് തോന്നി ഗർഭഗൃഹത്തിൽ നിന്നു പുറത്തേക്കു വരുന്ന രൂപം വെളുത്ത താടിയുള്ള മെലിഞ്ഞ ഒന്നാണെന്ന്. ഒരു നിമിഷം ഞാൻ ശ്വാസം വിടാതെ നിന്നു.
അല്ല. പുതിയ ആരോ ആണ്. നിരാശ മാറ്റി വെച്ച് ഞാൻ പേഴ്‌സ് തപ്പി.
പോറ്റി എന്റെ കയ്യിൽ പ്രസാദം ഇട്ടു തന്നു; ഇല തുറന്നു നോക്കിയപ്പോൾ അതിൽ ചെറിയ ഒരു പഴം!
ഞാൻ ആഹ്ലാദത്തോടെ തല ഉയർത്തി നോക്കി.
അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു, “സുഖം തന്നെ?”
Advertisements

Any thoughts?

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s